തൃശൂരിലെ വോട്ട് തട്ടിപ്പ്: സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കണം- പി കെ ഉസ്മാന്‍
തിരുവനന്തപുരം: ജനാധിപത്യം അട്ടിമറിച്ച് തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍ വോട്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരും വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേരുള്ളവരുമായവരെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ വലിയ ഗൂഢാലോചനയും ആസൂത്രണങ്ങളും നടന്നിട്ടുണ്ട്. മറ്റു മണ്ഡലങ്ങളില്‍ പേരുള്ളവര്‍ തൃശൂര്‍ മണ്ഡലത്തിലേക്ക് വോട്ട് മാറ്റിയപ്പോള്‍ ആദ്യത്തെ പട്ടികയിലെ പേര് വെട്ടിമാറ്റാതിരുന്നത് കൃത്യവിലോപമാണ്. വ്യാജ വിലാസത്തിലും കൃത്രിമമായും വോട്ട് ചേര്‍ക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) മാര്‍ ഒത്തുകളിച്ചിട്ടുണ്ട് എന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.
വോട്ട് തട്ടിപ്പിനായി വ്യാജ വിലാസത്തില്‍ വോട്ടു ചേര്‍ക്കുന്നതായി 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ ഗൗരവത്തിലെടുത്തില്ല. വളരെ ആസൂത്രിതമായി നടത്തിയ കള്ളക്കളികളുടെ ഫലമാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം. തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ല, ജനാധിപത്യത്തെ കശാപ്പുചെയ്ത് തട്ടിയെടുത്തതാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അധികാരം നേടുന്നതിനും ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്നതുള്‍പ്പെടെ എന്തു ഹീനമായ ശ്രമവും ബിജെപി ചെയ്യുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വോട്ട് തട്ടിപ്പ്. അതേസമയം വോട്ട് തട്ടിപ്പ് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിട്ടും വേണ്ട വിധം അന്വേഷിക്കാന്‍ തയ്യാറാവാത്തത് കുറ്റകരമായ അനാസ്ഥയാണ്. നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ കൃത്യമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.
