പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം; ഭാര്യാപദം എങ്ങനെ പൊട്ടിമുളച്ചെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി കെ ശ്യാമളയെ നിര്‍ത്തുന്നതിനെതിരേ സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയരുന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭാര്യാപദം ഇപ്പോള്‍ എങ്ങനെയാണ് പൊട്ടി മുളച്ചതെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചോദിച്ചു.
പി കെ ശ്യാമളയെ താന്‍ കല്യാണം കഴിക്കുന്നതിനു മുന്‍പ് തന്നെ പാര്‍ട്ടി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവായിരുന്ന ശ്യാമള പല പദവികള്‍ വഹിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് താനുമായുള്ള കല്യാണം കഴിഞ്ഞത്. ഇപ്പോള്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ എങ്ങനെയാണ് ഭാര്യാപദം ഉയര്‍ന്നുവരുന്നതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.
ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ആരും യോഗത്തില്‍ എതിര്‍ത്തിട്ടില്ല. മട്ടന്നൂരില്‍ നിന്നും കെ കെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതില്‍ യോഗത്തില്‍ ആരും ഒന്നും അഭിപ്രായപ്പെട്ടില്ല. അതേസമയം തന്നെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിട്ടുമില്ല. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ വീണ്ടും ചിന്തിക്കേണ്ട കാര്യമില്ലെന്നതാണ് സിപിഎമ്മിന്റെ തീരുമാനം. സാമൂഹികമാധ്യമങ്ങളിലുണ്ടാകുന്ന പ്രചാരണമാണ് ചില നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. അതേത്തുടര്‍ന്നായിരുന്നു ഗോവിന്ദന്റെ ഈ മറുപടി.
അതിനിടയില്‍ ജി സുധാകരനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്ന് യോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടു. അക്കാര്യത്തില്‍ നേതാക്കളും അനുകൂലമറുപടിയാണ് നല്‍കിയത്. സുധാകരനുമായി സംസാരിച്ച് അദ്ദേഹത്തിന്റെ അതൃപ്തി മാറ്റിയെടുക്കണമെന്നാണ് നേതാക്കളുടെ പൊതുവികാരം. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അദ്ദേഹവുമായി സംസാരിച്ചത്.
