മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ കെ ടി ജലീലിന് കമ്മീഷന്‍ കിട്ടിയെന്ന് പി കെ ഫിറോസ്
തിരൂര്‍: മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ കെ ടി ജലീലിന് കമ്മീഷന്‍ കിട്ടിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സര്‍വകലാശാലക്ക് ഭൂമി നല്‍കിയ മൂന്നു പേര്‍ മന്ത്രി വി അബ്ദുറഹിമാന്റെ സഹോദരങ്ങളുടെ മക്കളാണെന്ന് പി കെ ഫിറോസ് പറഞ്ഞു. രണ്ടു വട്ടം എല്‍ഡിഎഫിന് വേണ്ടി മല്‍സരിച്ച ഗഫൂര്‍ പി ലില്ലീസിന്റ സഹോദരങ്ങളാണ് മറ്റു രണ്ടു ഭൂവുടമകള്‍. കണ്ടല്‍കാടുകള്‍ നിറഞ്ഞ നിര്‍മാണ യോഗ്യമല്ലാത്ത ഭൂമിയാണ് സര്‍വകലാശാലക്കായി ഏറ്റെടുത്തത്. ഒരു സെന്റിന് 7,000 രൂപ ന്യായവിലയുള്ള ഭൂമി 1.6 ലക്ഷം രൂപ കൊടുത്താണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സെന്റിന് 2,000 മുതല്‍ 40,000 രൂപ വരെ വിലയുള്ള ഭൂമി 1,60,000 രൂപയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ താല്‍പര്യപ്രകാരമായിരുന്നു ഇതെല്ലാം. മുഖ്യമന്ത്രി കെട്ടിടനിര്‍മാണത്തിന് തറക്കല്ലിട്ടെങ്കിലും പിന്നെയൊരു കല്ലുപോലും ഇടാനായില്ല. നിര്‍മാണം സാധിക്കാത്ത ഭൂമിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.