തൃത്താല ദേശോൽസവത്തിൽ ഹമാസ് നേതാക്കളുടെ ചിത്രം; വിദ്വേഷ പ്രചാരണവുമായി സംഘപരിവാരം

Update: 2025-02-18 08:41 GMT

പാലക്കാട്: തൃത്താല ദേശോല്‍സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിൽ വർഗീയ വിദ്വേഷ പ്രചാരണവുമായി സംഘപരിവാരം. ഇസ്രായേൽ അധിനിവേശത്തിൽ രക്തസാക്ഷികളായ ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍ ഹനിയെയുടെയും ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ലയുടെയും ചിത്രങ്ങളാണ് ആനപ്പുറത്ത് പ്രദർശിപ്പിച്ചത്. 'തറവാടികള്‍, തെക്കേഭാഗം' എന്ന കൂട്ടായ്മയുടെ ബാനറിലാണ് ഒരു കൂട്ടം യുവാക്കള്‍ ആനപ്പുറത്ത് ഇരുന്ന് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

തൃത്താല പള്ളി വാര്‍ഷിക ഉറൂസിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് നടന്ന ഘോഷയാത്രയിലാണ് ബാനറുകള്‍ ഉയര്‍ത്തിയത്. ഇതിനെയാണ് സംഘപരിവാരം വർഗീയ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

മന്ത്രി എം ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, മന്ത്രി എം ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം തുടങ്ങിയവര്‍ പങ്കെടുത്തെങ്കിലും അഭ്യൂഹം എന്ന നിലയ്ക്കാണ് ചില മാധ്യങ്ങള്‍ വാര്‍ത്ത കൊടുത്തത്. സംഘപരിവാറുകാര്‍ക്ക് കുട പിടിക്കുന്ന ചില മാധ്യമങ്ങള്‍ ബാനറിനെതിരേ വലിയ തരത്തിലുള്ള വര്‍ഗീയ വിഷം ചീറ്റിയാണ് ഉറഞ്ഞു തുളളുന്നത്.

'പള്ളി ഉറൂസിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തില്‍ ഹമാസ് ഭീകരരുടെ ചിത്രം പ്രദര്‍ശിപ്പിച്ചു. സംഭവം പാലക്കാട് തൃത്താലയില്‍' എന്ന തലക്കെട്ടോടെയാണ് ജനം ടിവി വിദ്വേഷ വാർത്ത നൽകിയത്. 'നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ മുകളില്‍ ഹമാസ് തീവ്രവാദികളുടെ ചിത്രങ്ങള്‍ എഴുന്നെള്ളിച്ചു; പ്രകോപനപരമായ പ്രദര്‍ശനവുമായി തൃത്താല മുസ്ലിം പള്ളി ഉറൂസ്' എന്നായിരുന്നു വാർത്ത.

അതേസമയം ഇതിനെതിരെ വിടി ബല്‍റാമിനെ പോലെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഫലസ്തീന്‍ ജനതക്കൊപ്പമാണ് സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം വിഷയങ്ങളെ മുസ്ലിം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘപരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കുമെന്നും വി ടി ബല്‍റാം പറഞ്ഞിരുന്നു.

ഇത്തരത്തില്‍ ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്ന മനുഷ്യത്വപരമായ എല്ലാ നിലപാടുകളെയും മറ്റൊരു രീതിയില്‍ വഴിതിരിച്ചു വിടാനുള്ള സംഘപരിവാര്‍ ശ്രമം കാലങ്ങളായി നടക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒരു ദേശോല്‍സവത്തിലെ ഘോഷയാത്രയെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമം.

ഇതിനുമുമ്പും ഇതിനേക്കാള്‍ വലിയ തോതില്‍ ഇത്തരം വിവാദങ്ങള്‍ ചിലര്‍ ഉയര്‍ത്തികൊണ്ടുവന്നിരുന്നു. അതില്‍ ഒന്നാണ് കേരള സര്‍വകലാശാലയുടെ വാര്‍ഷിക യുവജനോല്‍സവത്തിന് ഇന്‍തിഫാദ എന്ന പേര് നല്‍കിയത്. ഇതില്‍ ചിലര്‍ വലിയ വിവാദമുണ്ടാക്കി. വിവാദം മുറുകിയപ്പോള്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, പോസ്റ്ററുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയുള്‍പ്പെടെ ഫെസ്റ്റിവലിന്റെ എല്ലാ പ്രമോഷനല്‍ മെറ്റീരിയലുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് നര്‍േദശിച്ചതിനെത്തുടര്‍ന്ന് 'കേരള സര്‍വകലാശാല യുവജനോല്‍സവം' എന്ന് പേരു മാറ്റുകയായിരുന്നു.

Tags: