കല്‍മേഗിക്ക് ശേഷം 'ഫങ്-വോങ്' ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി ഫിലിപ്പീന്‍സ്

Update: 2025-11-09 09:56 GMT

മനില: കല്‍മേഗിക്ക് ശേഷം മറ്റൊരു ചുഴലിക്കാറ്റിനെ നേരിടാന്‍ ഫിലിപ്പീന്‍സ്. 'ഫങ്-വോങ്ങ്' എന്ന പുതിയ ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ ഫിലിപ്പീന്‍സില്‍ നാശം വിതയ്ക്കാന്‍ തുടങ്ങിയതോടെ പത്ത് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ഫിലിപ്പീന്‍ അറ്റ്‌മോസ്‌ഫെറിക്, ജിയോഫിസിക്കല്‍ ആന്‍ഡ് ആസ്‌ട്രോണമിക്കല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ പ്രകാരം, ഫങ്-വോങ്ങ് ഇന്ന് രാത്രി അറോറ പ്രവിശ്യയില്‍ കരതൊടാനാണ് സാധ്യത. മണിക്കൂറില്‍ 185 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കാറ്റാന്‍ഡുവാനസ്, കാമറൈന്‍സ് സുര്‍, അറോറ എന്നീ തെക്കുകിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ അതി ജാഗ്രതാ നിര്‍ദേശമായ സിഗ്നല്‍ 5 നിലവില്‍ പ്രാബല്യത്തില്‍വന്നു. മെട്രോ മനിലയിലും സമീപ പ്രവിശ്യകളിലും സിഗ്നല്‍ 3 പ്രഖ്യാപിച്ചിട്ടുണ്ട്. പസഫിക് സമുദ്രത്തില്‍ നിന്ന് അടുക്കുന്ന ഫങ്-വോങ്ങ് ഏകദേശം 1,600 കിലോമീറ്റര്‍ വ്യാപ്തിയുള്ളതും തെക്കുകിഴക്കന്‍ ഏഷ്യയിലെ ദ്വീപുസമൂഹത്തിന്റെ മൂന്നില്‍ രണ്ടുഭാഗം വരെ ബാധിക്കാനിടയുള്ളതുമാണ്.

നിലവിലെ സ്ഥിതി പരിഗണിച്ച് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 185 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റുകളെ 'സൂപ്പര്‍ ടൈഫൂണ്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന ഫിലിപ്പീന്‍സ്, ഇപ്പോള്‍ ഏറ്റവും ഗുരുതരമായ കാലാവസ്ഥാ ഭീഷണികളിലൊന്നാണ് നേരിടുന്നത്. ബിക്കോള്‍ മേഖല ഉള്‍പ്പെടെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രാമങ്ങളില്‍ നിന്നായി 9,16,000ത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തനിവാരണ ഏജന്‍സികളുടെയും സൈന്യത്തിന്റെയും മേല്‍നോട്ടം വഹിക്കുന്ന പ്രതിരോധ സെക്രട്ടറി ഗില്‍ബര്‍ട്ട് ടിയോഡോറോ ജൂനിയര്‍, ഫങ്-വോങ്ങിന്റെ പ്രത്യാഘാതങ്ങള്‍ അതീവ ഗൗരവമുള്ളതായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

കല്‍മേഗി ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപക നാശനഷ്ടങ്ങള്‍ക്ക് പിന്നാലെയാണ് ഈ പുതിയ ദുരന്തഭീഷണി. കല്‍മേഗി ഫിലിപ്പീന്‍സില്‍ 224 പേരുടെയും വിയറ്റ്‌നാമില്‍ 5 പേരുടെയും ജീവനെടുത്തു.

Tags: