സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സംവരണം വേണമെന്ന് ഹരജി; സര്‍ക്കാരിന് നിവേദനം നല്‍കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ സംവരണം വേണമെന്ന ഹരജി സുപ്രിംകോടതി തീര്‍പ്പാക്കി. സംവരണം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സര്‍ക്കാരിന് നിവേദനം നല്‍കുകയാണ് വേണ്ടതെന്നും മൂന്നംഗബെഞ്ച് നിര്‍ദേശിച്ചു. സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുന്നതും സ്വയംഭരണവുമുള്ള സ്ഥാപനങ്ങളില്‍ സംവരണം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് 1974ല്‍ സര്‍ക്കാര്‍ രണ്ട് ഉത്തരവുകള്‍ ഇറക്കിയിരുന്നുവെന്നും അത് നടപ്പാക്കിയില്ലെന്നുമാണ് ഹരജിക്കാര്‍ വാദിച്ചത്. അതിന് പിന്നാലെ സന്നദ്ധസംഘടനകളിലും സഹകരണസ്ഥാപനങ്ങളിലുമെല്ലാം സംവരണം വേണമെന്ന ഉത്തരവും ഇറക്കി. അതും നടപ്പാക്കിയില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.
സംവരണവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ വിവിധ സര്‍ക്കാര്‍ കഴിഞ്ഞ 50 വര്‍ഷമായി യാന്ത്രികമായി ഇറക്കുകയാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. എസ് മുരളീധര്‍ വാദിച്ചു. 2024ല്‍ ആണ് അവസാന യാന്ത്രിക ഉത്തരവ് ഇറക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകളുടെ തുടര്‍ച്ചയാണ് 2024ലെ ഉത്തരവെന്ന് കോടതി ഇതിന് മറുപടി നല്‍കി. തുടര്‍ന്ന് പറയാനുള്ള കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയ നിവേദനം സര്‍ക്കാരിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.