അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവറിനെതിരേ ഹരജി; കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി

Update: 2025-09-18 12:55 GMT

കൊച്ചി: വിഖ്യാത എഴുത്തുകാരി അരുന്ധതീ റോയിയുടെ ഏറ്റവും പുതിയ പുസ്തകമായ 'മദര്‍ മേരി കംസ് ടു മി'യുടെ കവര്‍ പേജിനെതിരേ ഹൈക്കോടതിയില്‍ ഹരജി. പുസ്തകത്തിന്റെ കവറില്‍ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രമുണ്ട്. നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ ആ ചിത്രം നല്‍കിയെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹരജി നല്‍കിയത്. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലാതെ എഴുത്തുകാരിയുടെ പുകവലിക്കുന്ന ചിത്രം പുസ്തകത്തിന്റെ മുഖചിത്രമായി അച്ചടിച്ചുവന്നത് തെറ്റാണെന്ന് രാജസിംഹന്‍ വാദിക്കുന്നു. അതിനാല്‍, പുസ്തകത്തിന്റെ പ്രചാരണവും വില്‍പനയും തടയണമെന്നാണ് ആവശ്യം. സമൂഹത്തില്‍ ഒരുപാട് പേരെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് അരുന്ധതി റോയിയെന്നും അവരുടെ പുകവലിക്കുന്ന ചിത്രം ഒരുപാട് പേരില്‍ പുകയില ഉപയോഗിക്കാനുള്ള പ്രചോദനമായി പ്രവര്‍ത്തിക്കുമെന്നും എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമുണ്ട്.