പെരിങ്ങമല സഹകരണ ബാങ്ക് ക്രമക്കേട്; ലോണ്‍ അപേക്ഷ നല്‍കാതെ ബിജെപി നേതാവ് എസ് സുരേഷ് ബാങ്കില്‍ നിന്ന് വായ്പകള്‍ എടുത്തതായി രേഖകള്‍

Update: 2025-11-30 09:05 GMT

തിരുവനന്തപുരം: പെരിങ്ങമല സഹകരണ ബാങ്ക് ക്രമക്കേടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ വാദങ്ങള്‍ പൊളിയുന്നു. തനിക്ക് സഹകരണ ബാങ്കില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന സുരേഷിന്റെ വാദം കള്ളമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. വായ്പാ അപേക്ഷ നല്‍കാതെ എസ് സുരേഷ് പണം കൈപ്പറ്റിയെന്നും ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്നിട്ടും കുടിശ്ശിക വരുത്തിയെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് വായ്പകളുടെ കുടിശ്ശിക രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്ന് സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ലെന്നുള്ള സഹകരണ ചട്ടമാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്.

പെരിങ്ങമല സഹകരണ ബാങ്ക് സംഘത്തിലെ ക്രമക്കേടിനെ തുടര്‍ന്നുണ്ടായ നഷ്ടം 4.16 കോടിയെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. സൊസൈറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റും, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപയും പലിശയും പിഴ അടക്കണമെന്നായിരുന്നു ഉത്തരവ്. താന്‍ വായ്പയെടുത്തിട്ടില്ലെന്നും വായ്പയ്ക്കായി ആരെയും ശിപാര്‍ശ ചെയ്തിട്ടില്ലെന്നുമായിരുന്നു എസ് സുരേഷിന്റെ വാദം. എന്നാല്‍ ഇത് രണ്ടും തെറ്റാണെന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. 2013ലും 2014ലും എസ് സുരേഷ് സൊസൈറ്റിയില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട്. സുരേഷിന് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ബന്ധമില്ലെന്ന് വാദം തെറ്റാണ്. എസ് സുരേഷ് ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുത്തു. മൂന്നു വാര്‍ഷിക പൊതുയോഗങ്ങളിലും പങ്കെടുത്തു.

Tags: