'ജനങ്ങള്‍ക്ക് പ്രിയപ്പെട്ട നേതാവ്'; വി കെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തില്‍ അനുശോചിച്ച് എ കെ ആന്റണി
കോഴിക്കോട്: മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മധ്യകേരളത്തില്‍ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആവശ്യങ്ങളുമായി എത്തുന്ന ആര്‍ക്കും ഇബ്രാഹിം കുഞ്ഞിനെ സമീപിക്കാന്‍ സാധിക്കുമായിരുന്നു. ജനങ്ങള്‍ക്കു വേണ്ടി എപ്പോഴും ഓടിയെത്തുന്ന നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞെന്ന് എ കെ ആന്റണി പറഞ്ഞു. ദീര്‍ഘകാലമായി അടുപ്പമുള്ള കുടുംബമാണ് ഇബ്രാഹിം കുഞ്ഞിന്റേത്. ഏറ്റവും ജനപ്രിയനായ മന്ത്രിയും ജന നേതാവുമായിരുന്നു. പലരും ആക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട നേതാവായിരുന്നുവെന്നും എ കെ ആന്റണി ഓര്‍ത്തെടുത്തു.
'ഇബ്രാഹിം കുഞ്ഞ് മാറിയതിനു ശേഷമാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ ചിത്രം മാറിയത്. ജനപ്രിയ നേതാക്കളുടെ പട്ടികയിലുള്ള നേതാവാണ്. ജനസേവനത്തിനായി രാപകലില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നേതാവാണ്. വളരെക്കാലമായി അറിയുന്ന എന്റെ പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ ആഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു' എന്ന് എ കെ ആന്റണി പറഞ്ഞു. മന്ത്രിയായിരുന്ന സമയത്ത് ആരോപണങ്ങള്‍ നേരിട്ടെങ്കിലും ആ സമയത്തെല്ലാം തന്നെ എതിര്‍ക്കുന്നവരോടുപോലും വളരെ സൗമ്യമായിട്ടാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. ദീര്‍ഘകാലമായി സൗഹൃദം പുലര്‍ത്തുന്നവരായിരുന്നു ഞങ്ങള്‍ അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് എ കെ ആന്റണി പറഞ്ഞു.
പരിചയ സമ്പന്നനായ രാഷ്ട്രീയ നേതാവാണ് അന്തരിച്ച ഇബ്രാഹിം കുഞ്ഞെന്ന് ജി സുധാകരനും പ്രതികരിച്ചു. മുസ് ലിം ലീഗിന്റെ കരുത്തുറ്റ നേതാവും നല്ലൊരു സുഹൃത്തുമായിരുന്നുവെന്ന് സുധാകരന്‍ ഓര്‍ത്തെടുത്തു.
ഏറെ നാളായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്ന ഇബ്രാഹിം കുഞ്ഞ് ചികില്‍സയിലിരിക്കെയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ് ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു. 2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സര്‍ക്കാരുകളില്‍ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.

