ഇന്‍ഡോറില്‍ മലിന ജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവം; ദിനംപ്രതി ഉയര്‍ന്ന് രോഗികളുടെ എണ്ണം

Update: 2026-01-03 07:05 GMT

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ മലിന ജലം കുടിച്ച് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ പ്രാദേശിക ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു.

ഡിസംബര്‍ 28-ന് ആറ് രോഗികളുമായി തുടങ്ങിയ രോഗബാധ വെറും 48 മണിക്കൂറിനുള്ളില്‍ മുന്നൂറിലധികം പേരിലേക്ക് പടര്‍ന്നു. ഭഗീരഥ്പുരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രതിദിനം എത്തുന്നവരുടെ എണ്ണം 300 കടന്നത് ആരോഗ്യ പ്രവര്‍ത്തകരെ വലച്ചു. ഇതുവരെ 310 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 25 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 70-80 ശതമാനം പേര്‍ക്കും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായ നിലയിലാണ്.

ഭഗീരഥ്പുര മേഖലയിലാണ് ദുരന്തം ഉണ്ടായത്. നഗരത്തിലെ കുടിവെള്ള പൈപ്പുകളില്‍ ശുചിമുറി മാലിന്യം കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായത്. കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പിന് മുകളിലായി സുരക്ഷാ ടാങ്ക് ഇല്ലാതെ നിര്‍മ്മിച്ച ഒരു പൊതുശൗചാലയമാണ് കാരണം. പൈപ്പിലെ വിള്ളലിലൂടെ മാലിന്യം കലരുകയും ഇത് ജനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ഒക്ടോബര്‍ മുതല്‍ പ്രദേശവാസികള്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

Tags: