ദേശസുരക്ഷയ്ക്ക് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം: സുപ്രിംകോടതി
എന്നാല്‍ അതിന്റെ ദുരുപയോഗം കോടതി പരിശോധിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്കു പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കാമെന്ന് സുപ്രിംകോടതി. എന്നാല്‍ പെഗാസസ് സോഫ്റ്റ് വെയര്‍ പോലെയുള്ള ഒരു ചാര സോഫ്റ്റ് വെയര്‍ എങ്ങനെയാണ് ഉപയോഗിക്കുക എന്നും അത് വ്യക്തികളുടെ സ്വകാര്യതക്കു മുകളിലേക്കുള്ള കടന്നുകയറ്റമാവില്ലേയെന്നും പരാതിക്കാര്‍ ചോദിച്ചു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അതിനെ എതിര്‍ത്തു. ആക്രമണകാരികള്‍ക്ക് സുരക്ഷയുടെ ആനുകൂല്യം കൊടുക്കേണ്ടതില്ല എന്നായിരുന്നു വാദം.
അതേ സമയം ദേശസുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ക്ക് പെഗാസസ് ഉപയോഗിക്കേണ്ടി വരുമെന്നും അതിനാല്‍ സര്‍ക്കാരുകള്‍ക്ക് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ അതിന്റെ ദുരുപയോഗം കോടതി പരിശോധിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിയെന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2021 ല്‍ സമര്‍പ്പിച്ച ഒരു കൂട്ടം റിട്ട് ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. നിലവില്‍ ഇന്ന് കേസില്‍ കോടതി വാദങ്ങള്‍ കേള്‍ക്കുകയായിരുന്നു. കേസില്‍ അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 30 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.