പെഗസസ്: ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

2017ല്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യ- ഇസ്രയേല്‍ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യ പെഗസസ് സോഫ്റ്റ് വെയര്‍ വാങ്ങിയെന്നായിരുന്ന കഴിഞ്ഞ ദിവസം ന്യുയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപോര്‍ട്ട്.

Update: 2022-01-30 14:47 GMT

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രയേലില്‍ നിന്ന് പെഗസസ് സോഫ്റ്റ് വെയര്‍ വാങ്ങിയെന്ന ന്യുയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന 2017ലെ പ്രതിരോധ കരാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. 2017ല്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യ- ഇസ്രയേല്‍ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യ പെഗസസ് സോഫ്റ്റ്വെയര്‍ വാങ്ങിയെന്നായിരുന്ന കഴിഞ്ഞ ദിവസം ന്യുയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപോര്‍ട്ട്.

വാര്‍ത്ത പുറത്തുവന്നതോടെ രാജ്യദ്രോഹത്തിന് സമാനമായ നിയമവിരുദ്ധ ഒളിച്ചുകളി കേന്ദ്രസര്‍ക്കാര്‍ നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിനു പിന്നാലെയാണ് വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി നല്‍കുന്നത്. നേരത്തെ ഈ വിഷയത്തില്‍ പരാതിയുമായി രംഗത്തെത്തിയ അഭിഭാഷകന്‍ എം എല്‍ ശര്‍മ തന്നെയാണ് ഇപ്പോള്‍ ഹരജി നല്‍കിയത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ നടത്തിയ പ്രതിരോധ കരാര്‍ റദ്ദാക്കണമെന്നും ഇതിനു വേണ്ടി ചെലവഴിച്ച തുക തിരിച്ചെടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

വിഷയത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കണമെന്നും പൊതുപണം ഉപയോഗിച്ച് നടത്തിയത് നിയമവിരുദ്ധ പര്‍ച്ചേസ് ആണെന്നും എം എല്‍ ശര്‍മ ആരോപിക്കുന്നു. 2017ല്‍ ഇന്ത്യയ്ക്കും ഇസ്രായേലിനുമിടയില്‍ ഏകദേശം 2 ബില്യണ്‍ യുഎസ് ഡോളറിന്റെ അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഇടപാടിന്റെ കേന്ദ്രബിന്ദുവായിരുന്നു പെഗസസും ഒരു മിസൈല്‍ സംവിധാനവുമെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് പറയുന്നു.

ആളുകള്‍ അറിയാതെ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നതിനുള്ള സോഫ്റ്റ്വെയര്‍ പെഗസസ് ഇന്ത്യ വാങ്ങിയതിന്റെ തെളിവു സഹിതം നേരത്തെ മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ നിലവില്‍ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളുമടക്കമുള്ള ധാരാളം വ്യക്തികളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യ പെഗസസ് ഉപയോഗിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി മൂന്നംഗ സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി നിലവില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിരോധ കരാറിലേക്ക് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പുതിയ ഹരജി സുപ്രിംകോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്.

Tags: