തൃശ്ശൂര്‍: പീച്ചി പോലിസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ കുറ്റക്കാരനായ എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവില്‍ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. പീച്ചി കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് രതീഷിനെതിരേ പരാതികളുണ്ടായിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിരുന്നില്ല. മര്‍ദന ദൃശ്യം പുറത്തുവന്നതോടെയാണ് വിഷയം വന്‍തോതില്‍ ചര്‍ച്ചയായത്.
2023 മേയ് 24ന് പീച്ചി പോലിസ് സ്റ്റേഷനിലാണ് സംഭവം. പീച്ചി പോലിസ് സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന പിഎം രതീഷ് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജര്‍ കെപി ഔസപ്പിനെയും മകനെയും മര്‍ദിക്കുകയായിരുന്നു. ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഔസേപ്പും ഡ്രൈവറും പരാതിയുമായി പോലിസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മര്‍ദനം. മര്‍ദിച്ചത് ചോദിക്കാന്‍ ചെന്ന തന്റെ മകനെ ലോക്കപ്പിലിട്ടതായും ഔസേപ്പ് പറഞ്ഞിരുന്നു. ഔസേപ്പിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല.