വിവാദങ്ങള്‍ക്കിടെ ബിഷപ്പ് ജോസഫ് പള്ളിക്കപറമ്പിലുമായി കൂടിക്കാഴ്ച നടത്തി പി സി ജോര്‍ജ്
കോട്ടയം: വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് എത്തിയ ബിജെപി നേതാവ് പി സി ജോര്‍ജ് ബിഷപ്പ് ജോസഫ് പള്ളിക്കപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പിന്റെ ജന്മദിനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് പി സി ജോര്‍ജ് പറഞ്ഞു. സഭയുമായി പ്രശ്നമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
ചില പിതാക്കന്മാര്‍ നന്ദികേട് കാണിച്ചാല്‍ ഇനിയും പറയും. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്ത ഒരാളാണ്. എനിക്കെതിരെയാണ് വോട്ട് ചെയ്യരുതെന്ന് ബിഷപ്പ് പറഞ്ഞത്. ഒരു കന്യാസ്ത്രീ പറഞ്ഞാണ് ഈ വിവരം താന്‍ അറിഞ്ഞത്. ബിഷപ്പുമാര്‍ സഭയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മാത്രം നോക്കണം. സഭയില്‍ എല്ലാ തരത്തിലുള്ള രാഷ്ട്രീയക്കാരും കാണും. അതുകൊണ്ട് സഭാ നേതാക്കള്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതേസമയം, കത്തോലിക്കാ സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ അപലപനീയമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് ബോധ്യമായപ്പോള്‍ ഭീഷണിയുടെ സ്വരവുമായി ബിജെപി നേതൃത്വം ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.