പിസി ജോര്‍ജ് കേരളത്തിലെ നമ്പര്‍ വണ്‍ വര്‍ഗീയ വാദി;ജോര്‍ജിന് സംരക്ഷണമൊരുക്കുന്നത് സര്‍ക്കാരെന്നും ഷാഫി പറമ്പില്‍

പ്രഗ്യാ സിംഗ് ഠാക്കൂര്‍, സാക്ഷി മഹാരാജ് എന്നിവരെ മോദി സംരക്ഷിക്കുന്നത് പോലെ പിസി ജോര്‍ജിനെ കേരള സര്‍ക്കാരും സംരക്ഷിക്കുകയാണ്

Update: 2022-04-30 09:11 GMT

പാലക്കാട്: പിസി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.പി സി ജോര്‍ജ് കേരളത്തിലെ നമ്പര്‍ വണ്‍ വര്‍ഗീയ വാദിയാണെന്നും,പോലിസിന്റേയും സര്‍ക്കാരിന്റേയും മൃദു സമീപനമാണ് പിസി ജോര്‍ജിന് പ്രോല്‍സാഹനമാകുന്നതെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

കേരളത്തിലെ സാമൂഹിക സൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് പി സി ജോര്‍ജ്. പ്രഗ്യാ സിംഗ് ഠാക്കൂര്‍, സാക്ഷി മഹാരാജ് എന്നിവരെ മോദി സംരക്ഷിക്കുന്നത് പോലെ പിസി ജോര്‍ജിനെ കേരള സര്‍ക്കാരും സംരക്ഷിക്കുകയാണ്. ഇയാള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടക്കണമെന്നും എംഎല്‍എ പറഞ്ഞു.

തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവകരമായ വര്‍ഗീയ പ്രചാരണമാണ് സമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയത്.

Tags: