തിരുപ്പതിയിലെ ആശുപത്രിയില്‍ വനിതാ ജൂനിയര്‍ ഡോക്ടറെ രോഗി ആക്രമിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Update: 2024-08-27 09:46 GMT

ഹൈദരാബാദ്: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന രാജ്യവ്യാപകമായ ആഹ്വാനത്തിനിടെ, തിരുപ്പതിയിലെ ആശുപത്രിയില്‍ വനിതാ ജൂനിയര്‍ ഡോക്ടറെ ഒരു രോഗി ആക്രമിച്ചു. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന സംഭവം ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ അക്രമി ഡോക്ടറുടെ മുടിയില്‍ പിടിച്ച് ആശുപത്രി കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ തല ഇടിക്കുന്ന ദൃശ്യങ്ങള്‍ കാണാം. വാര്‍ഡിലെ മറ്റ് ഡോക്ടര്‍മാര്‍ ഉടനെത്തി അക്രമിയെ കീഴടക്കി കൊണ്ടുപോയി.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജോലിസ്ഥലത്ത് സുരക്ഷ ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.

കൊല്‍ക്കത്തയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ആന്ധ്രാ ആശുപത്രിയിലെ സംഭവം. 31 കാരിയായ യുവതിയെ ഡ്യൂട്ടിക്കിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും ജോലിസ്ഥലത്ത് തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ തെരുവിലിറങ്ങുകയും ചെയ്തു.

Tags: