പതഞ്ജലി സഹസ്ഥാപകന്റെ കമ്പനി വിവാദത്തില്‍; ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം
ലഖ്‌നോ: പതഞ്ജലി സഹസ്ഥാപകനും ബാബ രാംദേവിന്റെ അടുത്ത സഹായിയുമായ ആചാര്യ ബാലകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതില്‍ വന്‍ വിവാദം. ഹരിദ്വാറിലെ ബൈരാഗി ക്യാമ്പിലുള്ള 142 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
2023 ജൂണില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായുള്ള ഒരു വര്‍ഷത്തെ പൈലറ്റ് പ്രോജക്ടിനായാണ് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്‌മെന്റ് ബോര്‍ഡ് , ആചാര്യ ബാലകൃഷ്ണയുടെ രാജാസ് ഏറോസ്‌പോര്‍ട്‌സ് ആന്‍ഡ് അഡ്വഞ്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഭൂമി അനുവദിച്ചത്. കരാര്‍ പ്രകാരം ഒരു വര്‍ഷത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്കായി നല്‍കിയ ഭൂമി, കാലാവധി കഴിഞ്ഞ് 20 മാസമായിട്ടും കമ്പനി ഒഴിഞ്ഞുനല്‍കിയിട്ടില്ലെന്നാണ് ആരോപണം. ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരാഖണ്ഡ് ടൂറിസം ബോര്‍ഡ് പലതവണ നോട്ടിസ് നല്‍കിയിട്ടും കമ്പനി വഴങ്ങിയിട്ടില്ല.
തങ്ങള്‍ ഭൂമി കൈയേറിയിട്ടില്ലെന്നും ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നിക്ഷേപം നടത്തിയതെന്നുമാണ് കമ്പനിയുടെ പ്രതികരണം. ബിജെപി ഭരിക്കുന്ന രണ്ട് അയല്‍സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഉടമസ്ഥാവകാശ തര്‍ക്കമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. 2021-ല്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഹരിദ്വാറിലെ 697 ഹെക്ടര്‍ ഭൂമി സംബന്ധിച്ച് ധാരണയിലെത്തിയിരുന്നെങ്കിലും, ഇപ്പോഴത്തെ ഭൂമി ആരുടെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. അതേസമയം, അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നതും സാമ്പത്തിക വിഹിതം നല്‍കാത്തതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
