അംബേദ്കറൈറ്റ് രാമന്‍ കുട്ടി സാറിന്റെ വേര്‍പാട്; അനുശോചനം രേഖപ്പെടുത്തി എസ്ഡിപിഐ
തിരുവനന്തപുരം: ഓള്‍ ഇന്ത്യ എസ്‌സി-എസ്ടി കോണ്‍ഫെഡറേഷന്‍ പ്രസിഡന്റും ലോഡ് ബുദ്ധ സൊസൈറ്റിയുടെ ചെയര്‍മാനും ജലധാര മാസികയുടെ എഡിറ്ററുമായിരുന്ന രാമന്‍ കുട്ടി സാറിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അനുശോചനം രേഖപ്പെടുത്തി.
അംബേദ്കറൈറ്റ്, അടിച്ചമര്‍ത്തപ്പെട്ടവരുടെ മികച്ച സംഘാടകന്‍, ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, ബുദ്ധിസ്റ്റ് പ്രചാരകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തുടങ്ങി സര്‍വ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു രാമന്‍ കുട്ടി സാര്‍ എന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദലൈലാമ, ശ്രീലങ്കയിലെ ബുദ്ധ ഭിക്ഷുക്കള്‍ തുടങ്ങി ഒട്ടേറെ അന്തര്‍ദേശീയ, ദേശീയ നേതാക്കളുമായും മതപണ്ഡിതന്മാരുമായും നല്ല വ്യക്തി ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രതിഭാ ധനനും പ്രഗത്ഭനുമായിരുന്ന അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകളാണ് കേരളത്തിലെ അടിത്തട്ട് ജനതയെ വിമോചനത്തിന്റെയും വിപ്ലവത്തിന്റെയും പാതയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായകരമായത്. കേരള ചരിത്രത്തിലെ നികത്താനാവാത്ത അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.