ടിക്കറ്റെടുക്കാന്‍ പറഞ്ഞതിന് കണ്ടക്ടറെ കുത്തി യാത്രക്കാരന്‍

Update: 2026-01-21 01:52 GMT

കൂത്താട്ടുകുളം: മുണ്ടക്കയം-എറണാകുളം സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറെ യാത്രക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. കെഎംഎസ് ബസിലെ കണ്ടക്ടര്‍ കാഞ്ഞിരപ്പള്ളി, ആനക്കല്ല് കിഴക്കേത്തലക്കല്‍ ജോജോ ആന്റണി (51) ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയന്നൂര്‍ പുതുവേലി പാലശ്ശേരിയില്‍ രാമചന്ദ്രന്‍ (62) പിടിയിലായി. ഇന്നലെ രാവിലെ 7.30-നാണ് സംഭവം. എറണാകുളത്തേക്കുള്ള ബസില്‍ കൂത്താട്ടുകുളത്ത് നിന്നാണ് രാമചന്ദ്രന്‍ കയറിയത്. പൈറ്റക്കുളം ഭാഗത്ത് ബസ് എത്തിയപ്പോള്‍ രാമചന്ദ്രനോട് ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ജോജോ ആവശ്യപ്പെട്ടു. എന്നാല്‍, രാമചന്ദ്രന്‍ ടിക്കറ്റെടുക്കാന്‍ തയ്യാറാകാതെ അശ്ലീല ആംഗ്യം കാണിച്ചതായി കണ്ടക്ടര്‍ പറയുന്നു. ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടയില്‍ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പുപകരണം ഉപയോഗിച്ച് ജോജോയെ കുത്തി പരിക്കേല്‍പ്പിച്ചു. നെഞ്ചില്‍ പരിക്കേറ്റ ജോജോയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.