മാതാപിതാക്കളുടെ അന്ത്യകര്‍മങ്ങള്‍: പരോള്‍ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: മാതാപിതാക്കളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനുള്ള അവകാശം മതപരവും ധാര്‍മ്മികവുമായ അവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അത്തരം സാഹചര്യത്തില്‍ പരോള്‍ നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. 2018ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസില്‍ 14 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അജ്മീര്‍ സിങ് എന്നയാള്‍ക്ക് പരോള്‍ അനുവദിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 19ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് രണ്ട് മാസത്തെ അടിയന്തര പരോള്‍ ആണ് അജ്മീര്‍ സിങ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സര്‍ക്കാരും ജയില്‍ അധികൃതരും അപേക്ഷ തള്ളി. തുടര്‍ന്നാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ ഇതുവരെ ഒരു വര്‍ഷവും ഒമ്പതുമാസവും ശിക്ഷ അനുഭവിച്ചെന്നും അജ്മീര്‍ സിങ് കോടതിയെ അറിയിച്ചു. പ്രതിയുടെ കുറ്റകൃത്യത്തിന് അല്ല ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പരോള്‍ അനുവദിച്ച് കോടതി പറഞ്ഞു.