വ്യോമയാന സംവിധാനങ്ങളില്‍ സുരക്ഷാ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്ററി സമിതി റിപോര്‍ട്ട്

Update: 2026-03-28 06:47 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന സുരക്ഷാ സംവിധാനങ്ങള്‍ ഗുരുതര പ്രതിസന്ധിയിലാണെന്ന് പാര്‍ലമെന്ററി സമിതി റിപോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 വിമാനങ്ങളില്‍ 377 എണ്ണത്തിലും ആവര്‍ത്തിച്ച സാങ്കേതിക തകരാറുകള്‍ കണ്ടെത്തി. പരിശോധിച്ച വിമാനങ്ങളില്‍ വലിയൊരു വിഹിതം എയര്‍ ഇന്ത്യയുടേതാണ്. എയര്‍ ഇന്ത്യയുടെ 166 വിമാനങ്ങളില്‍ 137 എണ്ണം (82.5%) ഗുരുതര സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, നൂറിലധികം സുരക്ഷാ ലംഘനങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 101 വിമാനങ്ങളില്‍ 54 എണ്ണത്തിലും സമാനമായ തകരാറുകള്‍ കണ്ടെത്തി. മൊത്തം കണ്ടെത്തിയ തകരാറുകളുടെ പകുതിയോളം ഈ രണ്ട് എയര്‍ലൈന്‍സുകളിലാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യയില്‍ നടത്തിയ പ്രത്യേക ഓഡിറ്റിലും അടിയന്തര പരിഹാരം ആവശ്യമായ നൂറോളം സുരക്ഷാ വീഴ്ച്ചകള്‍ കണ്ടെത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. വ്യോമയാന സുരക്ഷാ സംവിധാനത്തില്‍ അടിയന്തരവും അടിസ്ഥാനപരവുമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. യാത്രക്കാരുടെ ജീവന്‍ ഭീഷണിയിലാകുന്ന ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: