പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; ലോക്സഭാ സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി

118 എംപിമാരാണ് നോട്ടീസില്‍ ഒപ്പുവെച്ചത്

Update: 2026-02-10 10:25 GMT

ന്യൂഡല്‍ഹി: ലോക്സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരേ അവിശ്വാസ നോട്ടീസ് നല്‍കി ഇന്‍ഡ്യാ സഖ്യം. ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സെക്രട്ടറി ജനറലിന് പ്രതിപക്ഷ നേതാക്കള്‍ സ്പീക്കര്‍ക്കെതിരായ നോട്ടീസ് കൈമാറി. സ്പീക്കറുടെ നടപടികളില്‍ പ്രതിഷേധിച്ച് 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിനാണ് കൈമാറിയത്. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന കത്തും സ്പീക്കര്‍ക്ക് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടില്‍ ഓപ്പിട്ടില്ല. 14 ദിവസത്തിനു ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.

കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കെ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് നോട്ടീസ് സമര്‍പ്പിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി)പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ലെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ഇത് ജനാധിപത്യപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോക്‌സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കര്‍ക്കെതിരേ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്‍ഡ്യാസഖ്യം യോഗം ചേര്‍ന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കര്‍ക്കെതിരേ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തിനൊപ്പം, വനിതാ എംപിമാര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കര്‍ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.