ന്യൂഡല്‍ഹി: മുഗള്‍ നിര്‍മിതിയായ താജ് മഹലിനുള്ളില്‍ ഹിന്ദു ദൈവമായ ശിവന്റെ പ്രതിമയുള്ള പോസ്റ്ററുമായി നടന്‍ പരേഷ് റാവല്‍. ദി താജ് സ്റ്റോറി എന്ന സിനിമയുടെ പോസ്റ്ററാണ് പരേഷ് റാവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായതോടെ വിശദീകരണവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തി. ചിത്രം മതപരമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതല്ലെന്ന് നിര്‍മാതാക്കളായ സ്വര്‍ണിം ഗ്ലോബല്‍ സര്‍വീസസ് അറിയിച്ചു. കഴിഞ്ഞദിവസം പരേഷ് റാവലിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലാണ് വിവാദമായ മോഷന്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് അദ്ദേഹം ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് പരേഷ് റാവല്‍ തന്നെയാണ് നിര്‍മാതാക്കളുടെ വിശദീകരണം പങ്കുവെച്ചത്.
താജ് മഹലുമായി സാദൃശ്യമുള്ള കെട്ടിടത്തിന്റെ മിനാരത്തിനുള്ളില്‍നിന്ന് ഹിന്ദു ദൈവമായ ശിവന്റെ വിഗ്രഹം ഉയര്‍ന്നുവരുന്ന ചിത്രമുള്ള പോസ്റ്ററാണ് പരേഷ് റാവല്‍ പങ്കുവെച്ചത്. താജ് മഹലിന്റെ മിനാരം പരേഷ് റാവല്‍ ഉയര്‍ത്തുമ്പോള്‍ അതിനുള്ളില്‍ ശിവന്റെ പ്രതിമ കാണുന്ന തരത്തിലാണ് പോസ്റ്റര്‍.
'ദ താജ് സ്റ്റോറി' എന്ന സിനിമ മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയോ, താജ് മഹലിനുള്ളില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുന്നില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. ഇത് പൂര്‍ണ്ണമായും ചരിത്രപരമായ വസ്തുതകളില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ദയവായി സിനിമ കണ്ടശേഷം അഭിപ്രായപ്രകടനങ്ങളിലേക്കെത്തണമെന്ന് അഭ്യര്‍ഥിക്കുന്നു', എന്നാണ് സ്വര്‍ണിം ഗ്ലോബല്‍ പ്രസ്താവനയില്‍ അറിയിച്ചത്. ഒക്ടോബര്‍ 31-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
