വീട്ടിലാകെ രക്തം; മാതാപിതാക്കളും മകനും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ, ഇളയ മകനെ കാണാനില്ല
ന്യൂഡൽഹി: മൈദാൻഗഢിയിൽ ദാരുണ കൊലപാതകം. മധ്യവയസ്‌കരായ ദമ്പതിമാരെയും 24 വയസ്സുള്ള മകനെയും വീടിനുള്ളിൽ രക്തക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 വയസ്സുള്ള ഇളയ മകൻ സിദ്ധാർത്ഥിനെ കാണാനില്ല.
വീട്ടിൽനിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ പോലിസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരം ലഭിച്ചതോടെ പോലിസെത്തി നടത്തിയ പരിശോധനയിൽ, പ്രേം സിങ് (48) നെയും മകൻ ഹൃത്വിക് (24) നെയും താഴത്തെ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. ഭാര്യ രജനി (43) യുടെ മൃതദേഹം ഒന്നാം നിലയിൽ വായ മൂടിയ നിലയിലായിരുന്നു.
സിദ്ധാർത്ഥ് കഴിഞ്ഞ 12 വർഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഇയാൾക്ക് അക്രമാസക്തമായ പെരുമാറ്റരീതി ഉണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരനെയും കത്തികൊണ്ടും ഇഷ്ടികകൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചാണ് സിദ്ധാർത്ഥ് കൊലപ്പെടുത്തിയിരിക്കാമെന്നതാണ് പോലീസിന്റെ സംശയം.
കൂടാതെ, കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി വീട്ടിൽ താമസിക്കില്ലെന്നും സിദ്ധാർത്ഥ് നാട്ടുകാരോട് പറഞ്ഞതായി പോലിസ് കണ്ടെത്തി. വീട്ടിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നും പിതാവ് മദ്യപാനിയായിരുന്നുവെന്നും ഗ്രാമപ്രധാൻ മുഹമ്മദ് ഷക്കീൽ അഹമ്മദ് ഖാൻ വ്യക്തമാക്കി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഫോറൻസിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നുണ്ട്. എന്നാൽ, സിദ്ധാർത്ഥിനെ തേടിയുള്ള വ്യാപകമായ തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
