പരപ്പനങ്ങാടി: ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പരപ്പനങ്ങാടിയിലും എടരിക്കോടും പ്രതിഷേധ പ്രകടനം നടത്തി. പരപ്പനങ്ങാടിയിലെ പ്രതിഷേധം മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ബുള്‍ഡോസര്‍ ഭീകരതയിലൂടെ പൗരന്മാരെ നാടുകടത്താനും ഇല്ലായ്മ ചെയ്യാനുമുള്ള സംഘ്പരിവാര്‍ അജണ്ടയെ ഇന്ത്യന്‍ ജനത തെരുവില്‍ പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 4000 വീടുകളും ആരാധനാലയങ്ങളും തകര്‍ത്തിട്ടും രാഷ്ട്രീയപാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ധീഖ് പരപ്പനങ്ങാടി, മണ്ഡലം നേതാക്കളായ സി പി നൗഫല്‍, അബ്ദുല്‍ സലാം, മുഹമ്മദലി തിരൂരങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.