ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും വർഗീയ വിരുദ്ധ കർമ സേന രൂപീകരിക്കും: ആഭ്യന്തരമന്ത്രി; നക്സൽ വിരുദ്ധ സേന മാതൃകയിൽ ആയിരിക്കും കർമ സേന
മംഗളൂരു: ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും നക്സൽ വിരുദ്ധ സേനയുടെ മാതൃകയിൽ വർഗീയ വിരുദ്ധ കർമ സേന രൂപീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. പ്രദേശത്ത് വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കാനാണ് നടപടിയെന്ന് മംഗളൂരുവിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
"നക്സൽ വിരുദ്ധ സേനയുടെ മാതൃകയിലായിരിക്കും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് സ്ഥാപിക്കും. വർഗീയ അക്രമങ്ങൾക്ക് ഗൂഢാലോചന നടത്തുന്നവരെയും അവര പിന്തുണക്കുന്നവരെയും നേരിടാൻ യൂണിറ്റിന് നിയമപരമായ അധികാരങ്ങൾ നൽകും. പ്രകോപനപരമായ പ്രസംഗങ്ങളോ പ്രസ്താവനകളോ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വ്യക്തികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടും. "
സംസ്ഥാനത്ത് നിലവിൽ നക്സൽ സാന്നിധ്യം ഇല്ലാത്തതിനാൽ നക്സൽ വിരുദ്ധ സേനകളുടെ എണ്ണം ക്രമേണ കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.