ഫലസ്തീനികള്‍ താമസിക്കുന്ന ടെന്റിലേക്ക് മിസൈല്‍ വിട്ട് ഇസ്രായേല്‍; തളര്‍വാതം ബാധിച്ച ഫലസ്തീന്‍ കുട്ടി വെന്തു മരിച്ചു
ഗസ: ഇസ്രായേല്‍ ഗസയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തളര്‍വാതം ബാധിച്ച ഫലസ്തീന്‍ ബാലന്‍ വെന്തു മരിച്ചു. 12 വയസ്സുള്ള അഹമ്മദ് അബു അല്‍-റൂസ് എന്ന കുട്ടിയാണ് മരിച്ചത്, ജന്മനാ തളര്‍വാതരോഗിയായിരുന്ന അഹമ്മദിന് രക്ഷപെടാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല.
ഇസ്രായോല്‍ കുടിയിറക്കിയ ഗസ നിവാസികളെ പാര്‍പ്പിച്ചിരുന്ന ഒരു ടെന്റിലാണ് ഇസ്രായേല്‍ ബോംബോക്രമണം നടത്തിയത്. ആക്രമണത്തില്‍ അവന്റെ അമ്മയും സഹോദരിയും നാല് കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 64 പേര്‍ കൊല്ലപ്പെട്ടതായും മരണസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ കുറഞ്ഞത് 51,065 ഫലസ്തീനികള്‍ മരിച്ചതായും 116,505 പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.