പാനിപ്പത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; പ്രിന്‍സിപ്പലിനും സ്‌കൂള്‍ ഡ്രൈവര്‍ക്കുമെതിരേ കേസ്
ന്യൂഡല്‍ഹി: ഹരിയാനയിലെ പാനിപ്പത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ക്രൂരമായി മര്‍ദിച്ചു. ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരിലാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. പ്രിന്‍സിപ്പല്‍ റീനയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഡ്രൈവര്‍ അജയ് കുട്ടിയെ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സുഹൃത്തുക്കളുമായി വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ തന്നെ കുട്ടിയെ മര്‍ദിക്കുന്നതിനൊപ്പം, ദൃശ്യങ്ങള്‍ പിന്നീട് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു.
മുഖിജ കോളനി നിവാസിയായ വിദ്യാര്‍ഥിയുടെ അമ്മ ഡോളിയാണ് വീഡിയോ പുറത്തുവിട്ടത്. ഏഴുവയസ്സുകാരനായ മകനെ അടുത്തിടെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്തതാണെന്നും, പ്രിന്‍സിപ്പല്‍ ഡ്രൈവറെ വിളിച്ചുവരുത്തി മര്‍ദിപ്പിച്ചതാണെന്നും അവര്‍ ആരോപിച്ചു. മറ്റൊരു വീഡിയോയില്‍ പ്രിന്‍സിപ്പല്‍ തന്നെ മറ്റ് കുട്ടികളെ സഹപാഠികളുടെ മുന്നില്‍ അടിക്കുന്നത് കണ്ടതായി ആരോപണമുണ്ട്. കുട്ടികളെ ശിക്ഷിക്കാനായി ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച സംഭവങ്ങളും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് മോഡല്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.