യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: പാങ്ങോട് ചന്തക്കുന്നില്‍ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാരാണെന്ന് കോടതി. പാങ്ങോട് അപ്പൂപ്പന്‍പാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് നെടുമങ്ങാട് എസ്എടി കോടതി ജഡ്ജി ഷജഹാന്‍ ഒന്നും രണ്ടും പ്രതികളായ സാജനും മാതാവ് റാഹിലാ ബീവിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2016 ഡിസംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പതമായ സംഭവം. പാങ്ങോട് അപ്പൂപ്പന്‍പാറ സ്വദേശിയായ സിന്ധുവിനെ ഇവരുടെ ഭര്‍ത്താവ് സാജന്‍ പാങ്ങോട് ചന്തക്കുന്നിലെ വീട്ടില്‍ വിളിച്ചുവരുത്തി സിന്ധുവിനെ 11 വയസ്സുള്ള മകളുടെ മുന്നില്‍ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. സാജനും മാതാവ് റാഹിലാ ബീവിയും ചേര്‍ന്നാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടു. പരിസരവാസികളായ ദൃക്‌സാക്ഷികള്‍ കൂറ്മാറിയ കേസില്‍ സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മൊഴി നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്ദീപ് ആര്‍ എനും പ്രതികള്‍ക്ക് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്തും ഹാജരായി.