മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ജീവിച്ചിരിക്കുന്നയാള്‍ക്ക് പഞ്ചായത്തിന്റെ നോട്ടീസ്
പത്തനംതിട്ട: ജീവിച്ചിരിക്കുന്നയാളോട് തന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്തിന്റെ നോട്ടീസ്. പ്രമാടം സ്വദേശി ഗോപിനാഥന്‍ നായരുടെ ഭാര്യയോടാണ് പ്രമാടം പഞ്ചായത്തില്‍ നിന്നുള്ള കത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തപാലില്‍ വന്ന കത്ത് പൊട്ടിച്ചു വായിച്ച ഗോപിനാഥന്‍ നായര്‍ കണ്ടത് തന്റെ മരണം സ്ഥിരീകരിച്ചതായും, ആയതിനാല്‍ എത്രയും വേഗം മരണ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്നുമായിരുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചത്
ശനിയാഴ്ച ഉച്ചയോടെയാണ് പഞ്ചായത്തില്‍നിന്നും ഗോപിനാഥന്‍ നായര്‍ക്ക് കത്ത് ലഭിച്ചത്. കത്ത് കൈപ്പറ്റി മൂന്നാം ദിവസത്തിനകം ആധാര്‍ കാര്‍ഡും മരണ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്നാണ് നിര്‍ദേശം. സംഭവം വിവാദമായതോടെ വിശദീകരണവുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തി. ഗോപിനാഥന്‍ നായര്‍ മരിച്ചതായി അറിയിച്ചതിന്റെ ഭാഗമായിട്ടാണ് കത്തയച്ചതെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്. എന്നാല്‍ ആരാണ് ഇത്തരമൊരു തെറ്റായ വിവരം അറിയിച്ചതെന്ന് പറയണമെന്നാണ് ഗോപിനാഥന്‍ നായരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
കൃത്യമായ പരിശോധനകള്‍ നടത്താതെ പെന്‍ഷന്‍ ഗുണഭോക്താക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാണിക്കുന്ന ധൃതിയാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവില്‍ പഞ്ചായത്തിന്റെ നടപടിക്കെതിരേ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഗോപിനാഥന്‍ നായരും കുടുംബവും.
