വിവാദപ്രസ്താവനകളില്‍ സജി ചെറിയാനെയും എ കെ ബാലനെയും വിമര്‍ശിച്ച് പാലോളി മുഹമ്മദ് കുട്ടി

Update: 2026-01-25 08:46 GMT

തിരുവനന്തപുരം: വിവാദപരമായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ മന്ത്രിമാരായ സജി ചെറിയാനെയും എ കെ ബാലനെയും വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. സജി ചെറിയാന്‍ അത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും, എ കെ ബാലന്‍ തന്റെ പ്രതികരണം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാലോളി മുഹമ്മദ് കുട്ടി.

സജി ചെറിയാന്റെ പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും, പ്രസ്താവന പിന്‍വലിക്കാന്‍ പാര്‍ട്ടിയാണ് ആവശ്യപ്പെട്ടതെന്നും പാലോളി വ്യക്തമാക്കി. എ കെ ബാലന്റെ പ്രസ്താവനയോടും യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി മലപ്പുറത്തെയെല്ല, മുസ്‌ലിം ലീഗിനെയാണ് അധിക്ഷേപിച്ചതെന്നും, ജമാഅത്തെ ഇസ്‌ലാമി ഒരുകാലത്ത് സിപിഎമ്മിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് വിലയിരുത്താന്‍ മലപ്പുറത്തും കാസര്‍കോട്ടും വിജയിച്ചവരുടെ പേരുകള്‍ പരിശോധിച്ചാല്‍ മതി എന്ന സജി ചെറിയാന്റെ പ്രസ്താവനയാണ് നേരത്തെ വിവാദമായത്. ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നും എ കെ ബാലന്‍ നടത്തിയ പരാമര്‍ശവും വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ബാലനെ പരസ്യമായി പിന്തുണച്ചപ്പോള്‍, പ്രസ്താവന അസംബന്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

Tags: