ട്രാഫിക് ബ്ലോക്ക് മൂലം ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങിനെത്താനായില്ല; പാലിയേക്കര ടോള്‍പ്ലാസയില്‍ പ്രതിഷേധം
തൃശ്ശൂര്‍: ട്രാഫിക് ബ്ലോക്ക് മൂലം ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങിനെത്താന്‍ സാധിക്കാത്ത വ്യവസായി പ്രതിഷേധിച്ചു. എന്‍ടിസി മാനേജിങ് ഡയറക്ടര്‍ വര്‍ഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത 544-ല്‍ അടിപ്പാത നിര്‍മാണ പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കൊടകര പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ സംസ്‌കാരച്ചടങ്ങ്. ഇതിനായി നേരത്തെ തന്നെ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വര്‍ഗീസ് ജോസ് പറഞ്ഞു. ഒന്നരമണിക്കൂറോളം വൈകിയാണ് ചടങ്ങിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാര ചടങ്ങില്‍ നിന്ന് തിരികെ വരുംവഴിയാണ് അദ്ദേഹം ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാകാത്തതിന്റെ വിഷമം ചൂണ്ടിക്കാട്ടിയ അദ്ദേഹം 'എന്തിനാണ് ഞാന്‍ ടോള്‍ നല്‍കുന്നത്' എന്നും ചോദിച്ചായിരുന്നു പ്രതിഷേധം. ടോള്‍ പ്ലാസക്കാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.