ഗസയില്‍ ഇസ്രായേലി കമാന്‍ഡ് പോസ്റ്റുകള്‍ക്ക് നേരെ വ്യാപക ആക്രമണം (വീഡിയോ)

Update: 2025-08-17 05:46 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ കമാന്‍ഡ് പോസ്റ്റുകള്‍ക്ക് നേരെ വ്യാപക ആക്രമണം. ഖാന്‍യൂനിസ്, റഫ, ഗസ സിറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് ഫലസ്തീനി പ്രതിരോധ പ്രസ്ഥാപനങ്ങള്‍ ആക്രമണം നടത്തിയത്.

ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സും സംയുക്തമായി ഖാന്‍ യൂനിസിന് സമീപത്തെ ഇസ്രായേലി കമാന്‍ഡ് സെന്ററിലേക്ക് ഷെല്ലുകള്‍ അയച്ചു. റഫയിലെ സലാഹ് അല്‍ ദിന്‍ ആക്‌സിസ് പ്രദേശത്തെ ക്യാംപും ആക്രമിച്ചു. ഗസ സിറ്റിയിലെ അല്‍ സയ്തൂന്‍ പ്രദേശത്തെ ഇസ്രായേലി കമാന്‍ഡ് ഹെഡ്‌കോര്‍ട്ടേഴ്‌സിനെ 60 എംഎം ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സും അറിയിച്ചു.

ജബലിയ പ്രദേശത്തെ ഫലസ്തീനി വീടുകള്‍ പൊളിക്കാന്‍ ഇസ്രായേലി സൈന്യം കൊണ്ടുവന്ന മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സായുധവിഭാഗമായ ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു. മിവാറ്റിം പ്രദേശത്തെ ഇസ്രായേലി കുടിയേറ്റ ഗ്രാമത്തിന് നേരെ കെഎന്‍-103 മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ്‌സും അറിയിച്ചു. ഗസ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് എത്തിയ ഇസ്രായേലി സൈന്യം ഗസയ്ക്ക് അകത്ത് വലിയ പ്രതിസന്ധികളാണ് നേരിടുന്നതെന്ന് ജൂത മാധ്യമങ്ങള്‍ തന്നെ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.