ഇസ്രായേൽ അധിനിവേശ സേന ശ്മശാനങ്ങളുടെ പവിത്രത ലംഘിക്കുന്നതായി ഫലസ്തീൻ മതകാര്യ മന്ത്രാലയം
ഗസ: ഇസ്രായേൽ അധിനിവേശ സേന,രക്തസാക്ഷികളുടെയും മരിച്ചവരുടെയും മൃതദേഹങ്ങൾ മോഷ്ടിക്കുന്നതായി ഫലസ്തീൻ മതകാര്യ മന്ത്രാലയം.വ്യാഴാഴ്ച പുലർച്ചെ ഖാൻ യൂനിസ് ഗവർണറേറ്റിന് പടിഞ്ഞാറുള്ള തുർക്കി സെമിത്തേരിയിൽ അതിക്രമിച്ചു കയറി, കുഴിമാടങ്ങൾ കുഴിച്ച് മൃതദേഹങ്ങൾ മോഷ്ടിച്ചതായാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഫലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. "ഭയാനകമായ കുറ്റകൃത്യം" എന്നാണ് മതകാര്യ മന്ത്രാലയം പ്രവൃത്തിയെ വിശേഷിപ്പിച്ചത്.
ടാങ്കുകളും ബുൾഡോസറുകളും ഉപയോഗിച്ച് അധിനിവേശ സേന അൽ-മവാസി പ്രദേശത്തെ സെമിത്തേരിയിൽ പ്രവേശിച്ച് കുഴിമാടങ്ങൾ കുഴിച്ചെടുക്കാൻ തുടങ്ങിയെന്ന് മന്ത്രാലയം പറഞ്ഞു - ഇത് മതപരവും മാനുഷികവുമായ എല്ലാ മൂല്യങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. ധാർമികമോ നിയമപരമോ ആയ ന്യായീകരണമില്ലാത്ത ഇസ്രായേലി നടപടികളെ "കുറ്റകരവും ക്രൂരവു"മെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു.
കുറ്റകൃത്യത്തോടൊപ്പം സെമിത്തേരിക്ക് ചുറ്റുമുള്ള കുടിയിറക്കൽ കൂടാരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടുവെന്നും, ബോംബാക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ പ്രദേശത്ത് അഭയം തേടിയ നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇത് തെക്കൻ ഗസ മുനമ്പിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
"മരിച്ചവരുടെയും ശ്മശാനങ്ങളുടെയും പവിത്രതയ്ക്കു നേരെയുള്ള ഈ നഗ്നമായ ആക്രമണത്തെ" ഔഖാഫ് മന്ത്രാലയം ശക്തമായി അപലപിച്ചു. "ജീവിച്ചിരിക്കുന്നവരെ കൊല്ലുക മാത്രമല്ല, മരിച്ചവരെ അവരുടെ ശവക്കുഴികളിൽ പോലും പിന്തുടരുകയാണ് ഇസ്രായേൽ അധിനിവേശ സൈന്യമെന്ന്" പ്രസ്താവന പറയുന്നു. "യുദ്ധസമയത്ത് പോലും മനുഷ്യ ശരീര ഭാഗങ്ങൾ അശുദ്ധമാക്കുന്നത് നിരോധിക്കുന്ന ദൈവിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണിത് " - പ്രസ്താവന തുടരുന്നു.നിലവിലെ ആക്രമണത്തിന്റെ തുടക്കം മുതൽ, ഗസ മുനമ്പിലുടനീളമുള്ള 60 ശ്മശാനങ്ങളിൽ ഏകദേശം 40 എണ്ണം ഇസ്രായേൽ സൈന്യം പൂർണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. തെറ്റായ സുരക്ഷാ കാരണങ്ങളാൽ ശ്മശാന സ്ഥലങ്ങൾ ആസൂത്രിതമായി ലക്ഷ്യം വയ്ക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം അടിയന്തരമായി ആരംഭിക്കാനും സെമിത്തേരികൾക്കും പുണ്യസ്ഥലങ്ങൾക്കുമെതിരായ അധിനിവേശ സൈന്യത്തിൻ്റെ ലംഘനങ്ങൾ തടയാനും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേലിനെക്കൊണ്ട് മറുപടി പറയിക്കാനും അന്താരാഷ്ട്ര സമൂഹത്തോടും നിയമ-മനുഷ്യാവകാശ സംഘടനകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനത നേരിടുന്ന എല്ലാ ദുരന്തങ്ങൾക്കുമിടയിലും, അവരുടെ അവകാശങ്ങൾ ഉയർത്തി പിടിക്കുകയും, അവരുടെ ഭൂമിയും പുണ്യസ്ഥലങ്ങളും സംരക്ഷിക്കുകയും, മരിച്ചവരെ ബഹുമാനിക്കുകയും ചെയ്യുമെന്ന് ഊന്നിപ്പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

