ഗസയില്‍ ഇസ്രായേലിനെതിരെ വന്‍ ആക്രമണം നടത്തിയെന്ന് ഹമാസ്; ഖാന്‍ യൂനിസില്‍ രക്തസാക്ഷ്യ ഓപ്പറേഷനും

Update: 2025-08-21 15:42 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരേ വന്‍ ആക്രമണം നടത്തിയെന്ന് ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഖാന്‍ യൂനിസില്‍ ഇസ്രായേലി സൈന്യത്തിന്റെ പൊസിഷനിലാണ് അല്‍ ഖസ്സമിന്റെ കാലാള്‍പ്പടയുടെ പ്ലാറ്റൂണ്‍ ആക്രമണം നടത്തിയത്. ഷവാസ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മെര്‍ക്കാവ ടാങ്കുകള്‍ അടക്കം നിരവധി ഇസ്രായേലി സൈനിക വാഹനങ്ങളും തകര്‍ത്തു. മെര്‍ക്കാവ ടാങ്കിലെ സംഘത്തിലെ കമാന്‍ഡറെ സ്‌നൈപ്പര്‍ തോക്കുപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

പരിക്കേറ്റു കിടന്ന ഇസ്രായേലി സൈനികര്‍ക്കിടയില്‍ പതുങ്ങിയിരുന്ന ഒരു അല്‍ ഖസ്സം ബ്രിഗേഡ് പോരാളി കുടുതല്‍ സൈനികര്‍ എത്തിയപ്പോള്‍ സ്‌ഫോടനം നടത്തി. ഇത് രക്തസാക്ഷ്യ ഓപ്പറേഷനായിരുന്നു. ഈ ആക്രമണത്തില്‍ നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് അനുമാനം. അല്‍ ഷുജൈയ്യ പ്രദേശത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സുമായി ചേര്‍ന്ന് അല്‍ ഖസ്സം ബ്രിഗേഡ്‌സ് പതിയിരുന്നാക്രമണവും നടത്തി. അതില്‍ ഇസ്രായേലിന്റെ നിരവധി സൈനികവാഹനങ്ങള്‍ തകര്‍ത്തു.