ഫലസ്തീനി കുട്ടിയെ കുത്തിക്കൊന്ന വയോധികന് 53 വർഷം തടവ്; മുസ്‌ലിം വിരുദ്ധതയാണ് കൊലയ്ക്ക് കാരണമെന്ന് കോടതി
ഷിക്കാഗോ: അമേരിക്കൻ പൗരത്വമുള്ള ഫലസ്തീനി കുട്ടിയെ കുത്തിക്കൊന്നയാളെ 53 വർഷം തടവിന് ശിക്ഷിച്ചു. വാദി അൽ ഫയൂമി എന്ന ആറ് വയസുകാരനെ കൊന്ന അവരുടെ വീട് ഉടമയായ ജോസഫ് എം സുബെയെയാണ് ഷിക്കാഗോ കോടതി ശിക്ഷിച്ചത്. മുസ്ലിം വിരുദ്ധത കൊണ്ടാണ് ഇയാൾ വാദി അൽ ഫയൂമിയെ കുത്തിക്കൊന്നതെന്ന് കോടതി കണ്ടെത്തി. വാദിയുടെ ഉമ്മ ഹനാൻ ഷഹീനയേയും പ്രതി കുത്തിയിരുന്നു.
ജോസഫിൻ്റെ ആക്രമണം ഹീനവും പൈശാചികവുമാണെന്ന് ജഡ്ജി ആമി ബെർതാനി ടോംസാക്ക് വിധിയിൽ എഴുതി.അയാളെ കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുമ്പ് ജൂറി ഒരു മണിക്കൂറോളം കൂടിയാലോചന നടത്തിയിരുന്നു. തുടർന്നാണ് തീരുമാനം ജഡ്ജിക്ക് കൈമാറിയത്.
ജോസഫിന് നൽകുന്ന ഒരു ശിക്ഷയും സ്വീകാര്യമല്ലെന്ന് വാദിയുടെ പിതാവിന്റെ അമ്മാവനായ മഹ്മൂദ് യൂസഫ് കോടതിയിൽ പറഞ്ഞു.
''ഇത് വെറുപ്പിനെക്കാൾ കൂടുതലാണ്, അതിനപ്പുറമായിരുന്നു അത്. നമ്മൾ സംസാരിക്കുന്നത് 6 വയസ്സുള്ള ഒരു കുട്ടിയെക്കുറിച്ചാണ്, അവന്റെ പിതാവിന് അവനെക്കുറിച്ച് സ്വപ്നങ്ങളുണ്ടായിരുന്നു."
സ്വയം വിശദീകരിക്കാൻ പ്രതിക്കൂട്ടിലുണ്ടായിരുന്ന ജോസഫിനോട് മഹ്മൂദ് ആവശ്യപ്പെട്ടു.എന്നാൽ ചുവന്ന ജയിൽ ജമ്പ്‌സ്യൂട്ട് ധരിച്ച പ്രതി വിസമ്മതിച്ചു.