ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ ജയിലില്‍ നിരാഹാരം തുടരുന്നു; മരണത്തിന്റെ വക്കിലെന്ന് ഡോക്ടര്‍മാര്‍

Update: 2025-12-19 06:54 GMT

ലണ്ടന്‍: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് ജയിലില്‍ അടക്കപ്പെട്ട ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ മരണത്തിന്റെ വക്കിലെന്ന് ഡോക്ടര്‍മാര്‍. ജയിലില്‍ നിരാഹാര സമരം തുടരുന്ന ആറുപേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ എമര്‍ജന്‍സി ഫിസിഷ്യനായ ഡോ. ജെയിംസ് സ്മിത് പറഞ്ഞു. കഴിഞ്ഞ 40 ദിവസമായി സമരത്തിലുള്ള ഖസര്‍ സുഹറ, അമു ഗിബ്, ഹെബ മുറൈസി, കമ്രാന്‍ അഹമദ്, ലെവി ചിരമെല്ലോ എന്നിവരുടെ ആരോഗ്യനിലയാണ് വഷളായത്. ആറുപേരും ഗുരുതരാവസ്ഥയിലാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരേ പ്രതിഷേധിച്ചതിനാണ് എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. അതില്‍ രണ്ടുപേര്‍ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സമരം അവസാനിപ്പിച്ചിരുന്നു.