പാലത്തായി കേസ്; ഇരയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച സാമൂഹിക ക്ഷേമവകുപ്പിലെ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു. കൗണ്‍സിലര്‍ക്കെ കുട്ടിയുടെ മാതാവ് അഞ്ചുവര്‍ഷം മുന്‍പ് മുന്‍ മന്ത്രി കെ കെ ശൈലജക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.
കുട്ടിക്ക് കൗണ്‍സിലിങ് നടത്തിയവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു. കുട്ടിയോട് അശ്ലീലച്ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു. കൗണ്‍സിലര്‍ കുട്ടിയോട് ഉന്നയിച്ച ഓരോ ചോദ്യങ്ങളും പ്രതിയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കാനുള്ള മനപൂര്‍വമായ ശ്രമമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ കൗണ്‍സിലര്‍ക്കെതിരേ നടപടിയുണ്ടായത്.