പാലത്തായി കേസ്; ഹരീന്ദ്രന്റെ നാവിലൂടെ പുറത്തു വന്നത് ആര്‍എസ്എസ് സ്വരം: എസ്ഡിപിഐ
കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗ്ഗീയ ചിന്തകള്‍ക്ക് കരുത്തു പകരുന്നതാണെന്നും അതിന്റെ ഗുണഭോക്താക്കള്‍ ആര്‍എസ്എസ് ആയിരിക്കുമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപറമ്പ. പീഡനത്തിന് ജാതിയോ മതമോ ഇല്ല. പാലത്തായി കേസില്‍ പ്രതി ഹിന്ദുവും ഇര മുസ്‌ലിമും ആയതു കൊണ്ടാണ് ഇത്ര ചര്‍ച്ച ആയതെന്ന കണ്ടെത്തല്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഭിന്നിപ്പിന്റെ ആഴം എത്രയായിരിക്കുമെന്ന് സിപിഎം മനസ്സിലാക്കണം.
പ്രതി ഹിന്ദുവായതു കൊണ്ടല്ല സംഭവം വിവാദമാവുകയും ചര്‍ച്ചയാവുകയും ചെയ്തത്. പ്രതി ആര്‍എസ്എസ് നേതാവായതു കൊണ്ട് പോലിസ് അയാളെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് സമരവും പ്രതിഷേധവുമുണ്ടായത്. പ്രതിയെ തുടക്കത്തില്‍ അറസ്റ്റു ചെയ്യാന്‍ പോലിസ് തയ്യാറായിരുന്നുവെങ്കില്‍ ആക്ഷന്‍ കമ്മിറ്റിയുടെ രൂപീകരണം തന്നെ ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഇടതു സര്‍ക്കാറിന്റെ പോലിസിലെ ആര്‍എസ്എസ് സെല്‍ പ്രതിയെ രക്ഷിക്കാന്‍ ആവും വിധം ശ്രമിച്ചു.
നാട്ടുകാരുടെയും ബഹുജനങ്ങളുടെയും നിതാന്ത ജാഗ്രത കൊണ്ടാണ് ആര്‍എസ്എസ് നേതാവായ പ്രതി അറസ്റ്റു ചെയ്യപ്പെട്ടത്. ആര്‍എസ്എസ് നേതാവിനു കിട്ടിയ പോലിസ് സംരക്ഷണം പോക്‌സോ പോലുള്ള ഗുരുതര കേസുകളില്‍ പ്രതികളായ മറ്റുള്ളവര്‍ക്ക് കിട്ടാറുണ്ടോയെന്ന് ഹരീന്ദ്രന്‍ അന്വേഷിക്കണം. സത്യം ഇതായിരിക്കെ ആര്‍എസ്എസ് ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് ശക്തി പകരുന്ന ഇത്തരം അവിവേക പ്രസ്താവനകള്‍ നടത്തുന്ന സിപിഎം നേതാക്കള്‍ സ്വയം കുഴി തൊണ്ടുകയാണെന്നും ആര്‍എസ്എസ് മനസ്ഥിതിക്ക് സാമൂഹിക തലം ഉണ്ടാക്കി കൊടുക്കുന്ന പ്രസ്താവനകളില്‍ നിന്ന് സിപിഎം പിന്തിരിയണമെന്നും പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഷഫീക് പി സി, ജില്ലാ കമ്മിറ്റിഅംഗം ഹാരുണ്‍ കടവത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
