പാലക്കാട്ട് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം; ആര്‍എസ്എസ് നിയന്ത്രണത്തിലുളള സ്‌കൂളെന്ന് എസ്എഫ്ഐ നേതാവ്

Update: 2026-01-27 13:05 GMT

പാലക്കാട്: കല്ലേക്കാട് സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി എസ് സഞ്ജീവ്. ആര്‍എസ്എസ് നിയന്ത്രണത്തിലുളള സ്‌കൂളാണ് വ്യാസ വിദ്യാപീഠമെന്നും അരാജക പ്രവര്‍ത്തനത്തില്‍ നിന്ന് അവര്‍ വിദ്യാര്‍ഥികളെ തടയുന്നില്ലെന്നും പി എസ് സഞ്ജീവ് പറഞ്ഞു. അരാജക പ്രവര്‍ത്തനത്തിനൊപ്പം ആര്‍എസ്എസിന്റെ ക്യാംപടക്കം നടത്തുന്നു. വിദ്യാര്‍ഥിനിയുടെ കുടുംബത്തെ എസ്എഫ്ഐ നേതാക്കള്‍ കഴിഞ്ഞ ദിവസം പോയി കണ്ടിരുന്നുവെന്നും വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണം സ്‌കൂള്‍ മാനേജ്മെന്റാണെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് അടക്കം കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

ഇത്തരത്തിലുള്ള സംഭവം ആദ്യത്തേതല്ല. ആര്‍എസ്എസ് ശാഖകള്‍ അരാജക പ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്ന സംഭവങ്ങള്‍ നിരവധി തവണയുണ്ടായി. ആര്‍എസ്എസ് നേതാക്കളുടെ കാലാണ് സ്‌കൂളുകളില്‍ പാദ പൂജ നടത്തി കഴുകുന്നതെന്നും ആര്‍എസ്എസ് ശാഖകള്‍ അരാജക പ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്ന സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായി. വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമാണ്. മാനേജ്‌മെന്റാണ് ഇതിന് കാരണം. ആര്‍എസ്എസിന്റെ ഇടപെടല്‍ വിദ്യാര്‍ഥികള്‍ക്ക് ദുസ്സഹമാണ്. തെറ്റായ സംഘത്തെ തിരുത്തി പോകണമെന്നും എന്തുകൊണ്ടാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ മാത്രം ബോംബ് പൊട്ടുന്നതെന്നും സഞ്ജീവ് ചോദിച്ചു.

വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ രുദ്രാ രാജേഷിനെയാണ് കഴിഞ്ഞ ബുധനാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനെ തുടര്‍ന്നാണ് രുദ്ര ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ഥിനികള്‍ രുദ്രയെ മര്‍ദിക്കാറുണ്ടെന്നും കുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും പിതാവ് പറഞ്ഞു. ആരോപണം നിഷേധിച്ച് സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിരുന്നു. റാഗിങ്ങിനെപ്പറ്റി ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മരണത്തിന് കാരണം കുടുംബപ്രശ്നമാകാമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.