പതിനാലുകാരിയുടെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ ആരോപണം; പ്രതിഷേധം

Update: 2025-06-25 12:05 GMT

പാലക്കാട്: നാട്ടുകല്ലില്‍ പതിനാലുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദയെ (14) ആണ് കഴിഞ്ഞദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ മനോവിഷമം ഉണ്ടായെന്നും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ സ്‌കൂളിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി.

ഈ സ്‌കൂളില്‍ 9,10 ക്ലാസുകളില്‍ അധ്യയനവര്‍ഷം ആരംഭിച്ച് ആദ്യ മൂന്നുമാസത്തിനു ശേഷം ക്ലാസ് പരീക്ഷ നടത്തുന്ന പതിവുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഈ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ മൂന്നു ഡിവിഷനുകളിലാക്കി തിരിക്കുന്നത്. ഇങ്ങനെ ക്ലാസ് മാറ്റിയതില്‍ ആശിര്‍നന്ദയ്ക്ക് മാനസിക വിഷമമുണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കുട്ടിയുടെ മരണത്തിന് പിന്നാലെ അധ്യാപകരും രക്ഷിതാക്കളും പോലിസും സ്‌കൂളില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിനിടെ വലിയ പ്രതിഷേധമുണ്ടായി. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പിടിഎ യോഗം വിളിച്ചുചേര്‍ക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായി പോലിസ് പറഞ്ഞു.