പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകം; മര്‍ദനത്തില്‍ ഞരമ്പുകള്‍ പൊട്ടി, തലയ്ക്ക് ക്രൂരമര്‍ദനമേറ്റു; പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. രാംനാരായണന്റെ തലക്കുള്‍പ്പെടെ ദേഹമാസകലം മര്‍ദ്ദനമേറ്റു. അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകള്‍ പൊട്ടി. തലയ്ക്ക് ക്രൂരമര്‍ദനമേറ്റു, മര്‍ദനത്തിന്റെ ആഘാതത്തില്‍ മസിലുകള്‍ അടക്കം ചതഞ്ഞരഞ്ഞു. വടികൊണ്ട് ശരീരത്തില്‍ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ല് ഒടിഞ്ഞു. ഞരമ്പുകള്‍ പൊട്ടിയൊഴുകിയ ചോര ചര്‍മ്മത്തില്‍ പടര്‍ന്നു പിടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും. തലയിലും മുഖത്തും വടിവച്ച് പലതവണ അടിച്ചെന്നും വയറില്‍ പലതവണ ചവിട്ടിയെന്നുമാണ് റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നത്. ജില്ലാ പോലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
നിലവില്‍ അറസ്റ്റിലായ അഞ്ചു പ്രതികള്‍ക്ക് പുറമെ കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മര്‍ദ്ദിച്ചവരില്‍ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, വിപിന്‍ എന്നിവര്‍ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണ്. കേസില്‍ SC/ST പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തും. പ്രതികള്‍ വടി ഉപയോഗിച്ച് മുതുകിലും തലയിലും ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാമര്‍ശിക്കുന്ന റിമാന്‍ഡ് റിപോര്‍ട്ടും പുറത്തുവന്നു. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെന്നും പരിഷ്‌കൃത സമൂഹത്തിന്റെ യശസിന് കളങ്കം ഉണ്ടാക്കുന്ന സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡിസംബര്‍ 17 ബുധനാഴ്ചയാണ് 31കാരനായ റാം നാരായണ്‍ ക്രൂരമായ അക്രമണം നേരിട്ടത്. കള്ളനെന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ അനു, പ്രസാദ്, മുരളി എന്നിവര്‍ മരകഷ്ണം ഉപയോഗിച്ച് ദേഹമാസകലം മര്‍ദിച്ചു. നാലാം പ്രതി വയറില്‍ ചവിട്ടി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
