സ്വയം പ്രതിരോധം പ്രധാനമെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Update: 2020-09-29 15:35 GMT

പാലക്കാട്: കൊവിഡ് 19 വ്യാപനം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ സ്വയമുള്ള പ്രതിരോധമാണ് ഉറപ്പാക്കേണ്ടതെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫാസര്‍ ഡോ. കെ. സക്കീന. ആരോഗ്യ ജാഗ്രത ഉറപ്പാക്കി മാത്രമെ നിലവിലെ അവസ്ഥ മറികടക്കാനാകൂ. ഇക്കാര്യങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണം. പ്രതിദിന രോഗികളുടെ എണ്ണം ആയിരം പിന്നിടുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയാണ് വേണ്ടത്. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുമെന്ന് തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

പൊതു സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ തടയാന്‍ ജനകീയമായ ഇടപെടലാണ് വേണ്ടത്. വീടുകളിലുള്‍പ്പെടെ നേരിട്ട് ഇടപഴകുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വവും ഉറപ്പാക്കണം.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുകലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

Similar News