പാലക്കാട്ട് ദമ്പതികള്‍ വെട്ടേറ്റു മരിച്ച സംഭവം; ബന്ധുവായ യുവാവ് പിടിയില്‍

Update: 2026-01-19 05:47 GMT

ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതികള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് പിടിയില്‍. ദമ്പതികളുടെ വളര്‍ത്തു മകളുടെ മുന്‍ ഭര്‍ത്താവ് റാഫിയാണ് പിടിയിലായത്. തോട്ടക്കര നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാലുവയസായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. കുട്ടിയുടെ അവകാശ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലിസ് നല്‍കുന്ന പ്രാഥമിക വിവരം.

രാത്രി പന്ത്രണ്ടോടെയാണ് അക്രമം. സുല്‍ഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. വീട്ടിലെത്തിയ നാട്ടുകാര്‍ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലിസ് എത്തിയപ്പോള്‍ വീട്ടില്‍നിന്നും സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെ കണ്ടെത്തി.