പാകിസ്താനി ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍

Update: 2025-06-30 13:17 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ പാകിസ്താനി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 11 കിലോമീറ്റര്‍ ഉള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.നിര്‍ജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആടു മേയ്ക്കാന്‍ പോയവരാണ് മൃതദേഹങ്ങള്‍ കണ്ട് അതിര്‍ത്തി രക്ഷാസേനയെ അറിയിച്ചത്.


പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള 17കാരനായ രവികുമാറും 15 വയസുള്ള ശാന്തി ഭായുമാണ് മരിച്ചതെന്ന് പോലിസ് സ്ഥിരീകരിച്ചു. രവികുമാറിന്റെ ശരീരത്തിന് സമീപം വെള്ളമില്ലാത്ത ഒരു കുപ്പിയും കിടന്നിരുന്നതായി പോലിസ് അറിയിച്ചു. ശാന്തി ഭായുടെ കൈയ്യില്‍ ചുവപ്പും വെള്ളയും നിറത്തിലുള്ള വളകളുണ്ടായിരുന്നു. പുതുതായി വിവാഹം കഴിച്ചവരാണ് അത്തരം വളകള്‍ ധരിക്കാറ്.

ഇന്ത്യന്‍ പൗരത്വത്തിനായി ഇരുവരും അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വിസ നടപടികള്‍ മരവിപ്പിക്കുകയുണ്ടായി. ഇതോടെ ഇരുവരും നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ജൂണ്‍ 21നാണ് ദമ്പതികള്‍ പാകിസ്താനില്‍ നിന്നും പോന്നതെന്ന് ബോര്‍ഡര്‍ പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ദിലീപ് സിങ് സോധ പറഞ്ഞു. പാകിസ്താനിലെ നുര്‍പൂര്‍ ദര്‍ഗയ്ക്ക് സമീപം രവികുമാറിന്റെ ബൈക്ക് കണ്ടെത്തി.