ഇസ്‌ലാമാബാദ്: പാകിസ്താനിൽ ട്രെയ്ൻ ഹൈജാക്ക് ചെയ്ത ബലൂച് ലിബറേഷൻ ആർമി 214 ബന്ദികളെയും വധിച്ചതായി റോയിട്ടേഴ്സ് റിപോർട്ട് ചെയ്യുന്നു.യുദ്ധത്തടവുകാരെ കൈമാറാൻ പാകിസ്താൻ സൈന്യത്തിന് 48 മണിക്കൂർ സമയം നൽകിയെന്നും എന്നാൽ അവർ മുന്നറിയിപ്പ് അവഗണിച്ചതിനാൽ സമയപരിധി കഴിഞ്ഞപ്പോൾ ബന്ദികളെ കൊലപ്പെടുത്തിയെന്നും ബലൂച് ലിബറേഷൻ ആർമിയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. 214 പേരുമായി തങ്ങൾ രക്ഷപ്പെട്ടതാണ്. എന്നാൽ അന്ത്യശാസനം അവഗണിച്ചതിനാൽ അവരെ കൊലപ്പെടുത്തിയെന്നാണ് ബലൂച് ലിബറേഷൻ ആർമിയുടെ അവകാശവാദം."ബലൂച് ലിബറേഷൻ ആർമി യുദ്ധത്തടവുകാരെ കൈമാറാൻ പാകിസ്താൻ സൈന്യത്തിന് 48 മണിക്കൂർ സമയ പരിധി നിശ്ചയിച്ച് അന്ത്യശാസനം നൽകിയിരുന്നു. ഇത് സൈന്യത്തിന് തങ്ങളുടെ ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാനുള്ള അവസാന അവസരമായിരുന്നു. പാകിസ്താൻ പതിവുപോലെ ശാഠ്യവും സൈനിക ധാർഷ്ട്യവും പ്രകടിപ്പിച്ച് ഗൗരവമേറിയ ചർച്ചകൾ ഒഴിവാക്കുകയായിരുന്നു. തന്നെയുമല്ല, അടിസ്ഥാന യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുകയും ചെയ്തു. ഈ ശാഠ്യത്തിൻ്റെ ഫലമായാണ് 214 ബന്ദികളെയും വധിച്ചത് " - പ്രസ്താവനയിൽ പറയുന്നു.അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചാണ് തങ്ങൾ എപ്പോഴും പ്രവർത്തിച്ചിട്ടുള്ളതെന്നും എന്നാൽ പാകിസ്താൻ്റെ ശാഠ്യം കാരണമാണ് അവരുടെ ആളുകൾ കൊല്ലപ്പെടുന്നതിലേക്ക് നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം, അവരുടെ അവകാശവാദത്തിന് ഒരു തെളിവും ബലൂച് ലിബറേഷൻ ആർമി നൽകിയില്ലെന്ന് പാകിസ്താൻ സൈനിക വക്താവ് അഹ്‌മദ് ശരീഫ് ചൗധരി പറഞ്ഞു. പാക് സൈന്യം 33 വിമതരെ വധിച്ചതായും 354 ബന്ദികളെ മോചിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.സംഘം ആരെയും ബന്ദികളാക്കിയതിന് തെളിവില്ലെന്നും അതിശയോക്തിപരമായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും പാകിസ്താൻ ഉദ്യോഗസ്ഥർ ആരോപിച്ചു.