ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന് പരാതി; കൊച്ചി ബിനാലെയിലെ പെയിന്റിങ് നീക്കി

തീരുമാനം ക്രൈസ്തവ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്ന്

Update: 2026-01-06 03:59 GMT

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് വിവാദമായ ചിത്രം നീക്കംചെയ്തു. ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന ആരോപണം ഉയര്‍ന്ന ചിത്രമാണ് നീക്കിയത്. പെയിന്റിങ്, പ്രദര്‍ശനത്തില്‍ നിന്ന് നീക്കിയതായി ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു. ക്യൂറേറ്ററും കലാകാരനും ചേര്‍ന്നുള്ള തീരുമാനമെന്നാണ് വിശദീകരണം. പ്രദര്‍ശനത്തിനെതിരേ വിവിധ സഭകള്‍ പ്രതിഷേധിച്ചിരുന്നു.

കൊച്ചി ബിനാലെയുടെ ഭാഗമായ 'ഇടം' പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ പ്രശസ്ത ചിത്രകാരന്‍ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദമായത്. മൃദുവാംഗിയുടെ അപമൃത്യു എന്ന നാടകത്തെ ആസ്പദമാക്കിയാണ് തന്റെ ചിത്രമെന്നും ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും തന്റെ ചിത്രത്തിലില്ലെന്നും ചിത്രകാരന്‍ ടോം വട്ടക്കുഴി പറഞ്ഞു. അന്ത്യ അത്താഴത്തിലെ ക്രിസ്തുവിന്റെ സ്ഥാനത്ത് നഗ്‌നയായ സ്ത്രീയേയും ശിഷ്യന്മാരുടെ സ്ഥാനത്ത് കന്യാസ്ത്രീ വേഷം അണിഞ്ഞവരേയും ചിത്രീകരിച്ചു എന്നാരോപിച്ചാണ് ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയത്. 2016ല്‍ ഭാഷാപോഷിണി മാസികയില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് വിവാദമായ ചിത്രമാണ് ഇത്തവണ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബിനാലെ വേദിയില്‍ പ്രതിഷേധിച്ചിരുന്നു.

ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ കൊച്ചി രൂപതാ സമിതി പ്രസിഡന്റ് ഡാള്‍ഫിന്‍, എറണാകുളം സ്വദേശി തോമസ് തുടങ്ങിയവര്‍ ചിത്രത്തിനെതിരേ ജില്ലാ കലക്ടര്‍ക്കും സിറ്റി പോലിസ് കമീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ക്രൈസ്തവ വിശ്വാസികളെ മുറിപ്പെടുത്തുന്ന ചിത്രത്തിനു പിന്നില്‍ ഗൂഢാലോചനയും അജണ്ടയും ഉണ്ടെന്നാണ് ലത്തീന്‍ കാത്തലിക് അസോസിയേഷന്റെ ആരോപണം. അന്ത്യ അത്താഴത്തെ അനുകരിക്കുന്ന ദൃശ്യഘടനയില്‍ അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും വിശ്വാസികളെ അപമാനിക്കുന്നതുമായ ഒരു പ്രവൃത്തിയാണെന്നും പരാതിയിലുണ്ട്. പ്രസ്തുത ചിത്രം കൊച്ചി ബിനാലെയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കണമെന്നും ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് മാപ്പ് പ്രഖ്യാപിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

Tags: