പഹല്‍ഗാം ആക്രമണം; മുഖ്യസൂത്രധാരകനെ വെടിവച്ചു കൊന്നെന്ന് സൈന്യം

Update: 2025-07-28 11:47 GMT

ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയെന്ന് ആരോപണമുള്ള മൂന്നു പേരെ സുരക്ഷാ സൈന്യം വെടിവച്ചു കൊന്നു. സുലൈമാന്‍ ഷാ(ലഷ്‌കര്‍ ഇ ത്വയ്ബ), അബൂ ഹംസ, യാസിര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഹര്‍വാനിലെ മുള്‍നാറിലെ കൊടുംവനത്തില്‍ ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ നടത്തിയ സൈനിക നടപടിയിലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലിസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. എകെ 47 തോക്കുകളും കാര്‍ബൈനുകളും 17 റൈഫിള്‍ ഗ്രനേഡുകളും മറ്റു തരം വെടിയുണ്ടകളും കണ്ടെടുത്തു.

സുലൈമാന്‍ ഷായ്ക്ക് ഹാഷിം മൂസയെന്ന് കൂടി പേരുണ്ടെന്നും മുമ്പ് പാകിസ്താന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പഹല്‍ഗാം സംഭവത്തിന് ശേഷം സുലൈമാന്റെ തലയ്ക്ക് പോലിസ് 20 ലക്ഷം രൂപ വിലയിട്ടിരുന്നു.