ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: പത്മഭൂഷണ്‍ ജേതാവായ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുന്‍സെക്രട്ടറിയുടെ 57 ലക്ഷം രൂപ തട്ടിയെടുത്തു
ചെന്നൈ: ഡിജിറ്റല്‍ അറസ്റ്റില്‍ ആണെന്ന ഭീഷണിയുയര്‍ത്തി പത്മഭൂഷണ്‍ ജേതാവും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുന്‍സെക്രട്ടറിയുമായ ടി രാമസാമിയില്‍ നിന്ന് 57 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. 77കാരനായ രാമസാമിയെ വിവിധ അന്വേഷണ ഏജന്‍സികളുടെ പേരില്‍ വിളിച്ചെത്തിയ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി സ്ഥിരനിക്ഷേപം ഉള്‍പ്പെടെയുള്ള തുക മ്യൂള്‍ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ചെന്നൈ സൈബര്‍ ക്രൈം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബര്‍ 11നാണ് തട്ടിപ്പിന് തുടക്കം. ടെലികോം വകുപ്പില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ രാമസാമിയുടെ പഴയ ഡല്‍ഹി നമ്പറിലേക്ക് വിളിച്ചു. ആ നമ്പറിനെതിരേ ഡല്‍ഹി പോലിസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. താന്‍ ചെന്നൈയിലാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ, ഡല്‍ഹി പോലിസിലെ സബ് ഇന്‍സ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തി മോഹന്‍ സിങ് എന്നയാള്‍ വീഡിയോ കോളിലൂടെ സംസാരിക്കുകയായിരുന്നു. രാമസാമിയുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മുംബൈയിലെ കാനറാ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അതുവഴി നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. പിന്നാലെ ഫോണ്‍ ഒരു സ്ത്രീയിലേക്കു കൈമാറുകയായിരുന്നു. സിബിഐ ഓഫീസറായ കീര്‍ത്തി സന്യാല്‍ എന്നാണ് അവര്‍ സ്വയം പരിചയപ്പെടുത്തിയത്. രാമസാമിയുടെ ഫോട്ടോയും ആധാര്‍ നമ്പറും ഉള്‍പ്പെടുത്തിയതായി കാണിക്കുന്ന അറസ്റ്റ് വാറന്റും അവര്‍ വീഡിയോ കോളില്‍ പ്രദര്‍ശിപ്പിച്ചു. കേസിന്റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു.
ആറു മണിക്കൂറിലധികം നീണ്ട സംഭാഷണം ആദ്യദിവസം തുടര്‍ന്നു. അടുത്തദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് 5.30 വരെ ഭീഷണിയും ചോദ്യംചെയ്യലുമായിരിന്നു. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം 15നു ഡല്‍ഹി പോലിസിലെ ഉദ്യോഗസ്ഥനാണെന്ന പേരില്‍ വീണ്ടും വിളിയെത്തി. സാമ്പത്തിക പരിശോധനയുടെ ഭാഗമായി മുഴുവന്‍ സമ്പാദ്യവും സ്ഥിരനിക്ഷേപവും അവര്‍ നിര്‍ദേശിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റേണ്ടതെന്നാവശ്യപ്പെട്ടു. ഭീഷണി ശക്തമായതോടെ രാമസാമി രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്കായി 57 ലക്ഷം രൂപ കൈമാറി. ഇതിന് പിന്നാലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി മൂന്നു കോടി രൂപ കൂടി നല്‍കാനാകുമോയെന്ന് തട്ടിപ്പുകാര്‍ ചോദിച്ചതോടെയാണ് സംശയം ശക്തമായത്. തുടര്‍ന്ന് രാമസാമി ദേശീയ സൈബര്‍ ക്രൈം റിപോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈ സൈബര്‍ ക്രൈം അന്വേഷണം ആരംഭിച്ചു.
