പടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍

Update: 2025-06-12 07:43 GMT
പടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍

തൃശൂര്‍: പടിയൂരിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് മൃതേദഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ കേസില്‍ ഇയാളെ പോലിസ് അന്വേഷിച്ചു വരികയായിരുന്നു.കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.ഇരിങ്ങാലക്കുടയില്‍ നിന്നുള്ള പോലിസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു. കേദാര്‍നാഥ് പോലിസാണ് ഇരിങ്ങാലക്കുട പോലിസില്‍ വിവരം അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

ജൂണ്‍ നാലിനാണ് പടിയൂരില്‍ അമ്മയേയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനി സ്വദേശികളായ കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരാണ് മരിച്ചത്. വീടിനുളളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പരിശോധിച്ചപ്പോഴാണ് ഹാളിലും സമീപത്തെ മുറിയിലുമായി മൃതദേഹങ്ങള്‍ കണ്ടത്. പിന്നീടാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞതും പ്രതി പ്രേംകുമാറാണെന്ന് കണ്ടെത്തിയതും.

Tags:    

Similar News